June 14, 2021

വാക്സീന്‍ നയം മാറ്റി; ഈ മാസം 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യ വാക്സീന്‍; പ്രഖ്യാപിച്ച് മോദി

ഡൽഹി: കോവിഡ് വാക്സീന്‍ നയം മാറ്റിയെന്ന് രാജ്യത്തോട് പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ അഭിസംബോധന. വാക്സീന്‍ സംഭരണം പൂര്‍ണമായി കേന്ദ്രസര്‍ക്കാര്‍  നടത്തും. 18 വയസിന് മുകളിലുളള എല്ലാവര്‍ക്കും സൗജന്യവാക്സീന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ മാസം 21 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. വാക്സീൻ നിർമാതാക്കളിൽ നിന്ന് 75% വാക്സീൻ കേന്ദ്രസർക്കാർ സംഭരിച്ചു സംസ്ഥാനങ്ങൾക്കു നൽകും. സ്വകാര്യ ആശുപത്രിയിലെ നിരക്കുകൾ സംസ്ഥാനങ്ങൾക്കു നിശ്ചയിക്കാം. സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. വാക്സീന്‍ വാങ്ങുന്നത് വികേന്ദ്രീകരിച്ചത് സംസ്ഥാന താല്‍പര്യം മുന്‍നിര്‍ത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്സിനേഷന്‍ തുടങ്ങിയത് മുഖ്യമന്ത്രിമാരുമായി സംസാരിച്ചശേഷമാണ്. വാക്സീന്‍ നയത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് ഭിന്നാഭിപ്രായമുണ്ടായി. ആരോഗ്യം സംസ്ഥാന വിഷയം, അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി– അദ്ദേഹം പറഞ്ഞു. 

പണം നല്‍കി സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്സീന്‍  സ്വീകരിക്കാമെന്നും പ്രധാനമന്ത്രി. സ്വകാര്യ ആശുപത്രികളിലെ വാക്സീന്‍ വില സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. ഒരു ഡോസിന് പരമാവധി 150 രൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കാം. സൗജന്യഭക്ഷ്യധാന്യം നവംബര്‍ വരെ. രാജ്യത്ത് സൗജന്യഭക്ഷ്യധാന്യവിതരണം ദീപാവലി വരെ നീട്ടിയെന്ന് പ്രധാനമന്ത്രി അറിയിച്ചു. 

തദേശവാക്സീന്‍ ഇല്ലായിരുന്നുവെങ്കില്‍ വലിയ പ്രതിസന്ധി ഉണ്ടാകുമായിരുന്നുവെന്ന് മോദി പറഞ്ഞു. വാക്സീനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് പ്രായോഗികമല്ല. ഇത്രവലിയ ജനസംഖ്യയെ എങ്ങനെ രക്ഷിക്കുമെന്ന് ലോകം ചോദിച്ചു?. നല്ല ഉദ്ദേശ്യശുദ്ധിയും ആത്മവിശ്വാസവും  പ്രയത്നങ്ങള്‍ ഫലവത്താക്കി.  വാക്സീന്‍ ഉല്‍പാദകര്‍ക്കൊപ്പം സര്‍ക്കാര്‍  നിന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏഴ് കമ്പനികള്‍ രാജ്യത്ത് വാക്സീന്‍ ഉല്‍പാദിപ്പിക്കുന്നു. മൂന്നുവാക്സീനുകള്‍ കൂടി ഉടന്‍ വരും, പരീക്ഷണം തുടരുകയാണ്. മൂക്കില്‍  ഒഴിക്കാവുന്ന വാക്സീന്‍റെ പരീക്ഷണവും രാജ്യത്ത് നടക്കുന്നു. 

കോവിഡ് രണ്ടാംതരംഗത്തില്‍ പോരാട്ടം തുടരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഒരുപാട് പ്രതിസന്ധി നേരിട്ടു, പ്രിയപ്പെട്ടവരെ നഷ്ടമായി. 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിയാണ് ഉണ്ടായതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.  രണ്ടാം തരംഗത്തിൽ ഇന്ത്യ ഒന്നിച്ചുപോരാടിയെന്ന് മോദി. ആരോഗ്യരംഗത്ത് പുതിയ സൗകര്യങ്ങള്‍ സജ്ജമാക്കി. ഓക്സിജന്‍ക്ഷാമത്തിന് യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹാരം കണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.