June 14, 2021

മണിമല ആറ്റിൽ ചാടിയ വില്ലേജ് ഓഫിസറുടെ മൃതദേഹം കണ്ടെത്തി

manimalyar

manimalyar

കോട്ടയം ∙ മണിമല ആറ്റിലേക്കു ചാടിയ സ്പെഷൽ വില്ലേജ് ഓഫിസറുടെ മൃതദേഹം കണ്ടെത്തി. സംഭവം നടന്ന് 200 മീറ്റർ അകലെയുള്ള മൂന്നാണി തടയണയ്ക്ക് താഴെയാണ് മൃതദേഹം കണ്ടെത്തിയത്.  മണിമല വലിയപാലത്തിൽ നിന്ന് ചാടിയ ചങ്ങനാശേരി താലൂക്ക് ഓഫിസിലെ സീനിയർ ക്ലാർക്കായ സ്പെഷൽ വില്ലേജ് ഓഫിസർ കങ്ങഴ കലാലയം എൻ. പ്രകാശിനായി തിരച്ചിൽ തുടരുന്നതിനിടെയാണ് രാവിലെ ഏഴോടെ മൃതദേഹം ലഭിച്ചത്. നേവിയും നാട്ടുകാരിലെ മുങ്ങൽ വിദഗ്ധരും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

തിങ്കളാഴ്ച രാവിലെ 10നാണ് സംഭവം. പാലത്തിൽ നിന്ന് പ്രകാശ് (51) പെട്ടെന്ന് ആറ്റിലേക്കു ചാടുകയായിരുന്നു. ഐഡി കാര്‍ഡും ബാഗ് ഉള്‍പ്പെടെയുള്ള സാധനങ്ങളും പാലത്തില്‍വെച്ചിരുന്നു. വലിയ പാലത്തിനു താഴെയുള്ള കൊച്ചുപാലത്തിലൂടെ നടന്നു പോവുകയായിരുന്നു അസം സ്വദേശി യാനുസ് സംഭവം കണ്ട് ആറ്റിലേക്കു ചാടിയെങ്കിലും പ്രകാശനെ രക്ഷിക്കാനായില്ല. പ്രകാശിന്റെ കൈയിൽ പിടികിട്ടിയെങ്കിലും ശക്തമായ കുത്തൊഴുക്കിൽ പിടിവിട്ടു. 

പ്രകാശ് ഒഴുകിപ്പോയതോടെ യാനുസ് തിരിച്ചു നീന്തിക്കയറി.  ആറ്റിൽ തടയണയുള്ളതിനാൽ ജലനിരപ്പ് ഉയർന്ന നിലയിലാണ്. ഇന്നലെ വൈകുവോളം നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ആറ്റിൽ തിരച്ചിൽ നടത്തി. ഭാര്യ: അമ്പിളി. മകൾ: പൂജാ ലക്ഷ്മി.