June 14, 2021

രായമംഗലം പഞ്ചായത്തിലെ പതിനാറാം വാർഡിന് കൈത്താങ്ങായി നൂറ്റമ്പത് കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

16wardkitdistribution

പുല്ലുവഴി: പതിനാറാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ശ്രിമതി ദീപാ ജോയിയാണ് സ്വന്തം വാർഡിലെ ദുരിതമനുഭവിക്കുന്നവർക്ക് കിറ്റുകൾ നൽകിയത്. പുല്ലുവഴി ജയകേരളം സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ആദ്യ ഭക്ഷ്യ കിറ്റ് പി.കെ. ചോതി ഏറ്റുവാങ്ങി. ചടങ്ങിൽ പതിനഞ്ചാം വാർഡ് മെമ്പർ ശ്രീ. ബിജി പ്രകാശ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ശ്രീ. വി.ഒ ജോയി, ശ്രീ. രാജപ്പൻ എസ് തെയ്യാരത്ത്, ശ്രീ. കെ.എ മൈതീൻ പിള്ള എന്നിവർ പങ്കെടുത്തു.

വാർഡിലെ നൂറ്റമ്പത് കുടുംബങ്ങൾക്കാണ് ഭക്ഷ്യ കിറ്റ് നൽകിയത്. അശരണർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, കോവിഡ് രോഗബാധിതർ, തുടങ്ങിയവർക്കാണ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്.

മാസ്ക്, പഞ്ചസാര, തെയില, വെളിച്ചെണ്ണ, അലക്ക് സോപ്പ്, കുളിക്കുന്ന സോപ്പ്, ഉപ്പ്, ശർക്കര, റവ , അരി, ഉഴുന്ന്, മല്ലിപ്പൊടി, മുളകുപൊടി, കടുക്, പപ്പടം, ഉഴുന്ന്, പരിപ്പ്, പച്ചക്കറികൾ എന്നിവയാണ് ഭക്ഷ്യ കിറ്റിലുള്ളത്.

മഹാമാരി കാലത്ത് സമാനതകളില്ലാത്ത സാമൂഹ്യ പ്രവർത്തനമാണ് ശ്രിമതി ദീപാ ജോയി നടത്തുന്നത്. ദുരിതകാലത്ത് രായമംഗലം പഞ്ചായത്ത് നടത്തുന്ന ഭക്ഷണ വിതരണത്തിനും മുൻപന്തിയിൽ തന്നെയുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാര ചടങ്ങിന് നേതൃത്വം നൽകി നേരത്തേ ശ്രദ്ധ നേടിയിരുന്നു.

എ.ഐ.വൈ.എഫ് പ്രവർത്തകരുടെ സഹകരണത്തോടെയാണ് ഭക്ഷ്യ കിറ്റ് വിതരണം. കഴിഞ്ഞ ഒരു മാസമായി രായമംഗലം പഞ്ചായത്തിൽ പി.കെ.വി ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. ഇരുന്നൂറോളം ഭക്ഷണ പൊതികളാണ് ദിനം പ്രതി വിതരണം ചെയ്യുന്നത്. ഉച്ചയ്ക്കും രാത്രിയിലും ആവശ്യക്കാർക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്നത് എ.ഐ.വൈ.എഫിൻ്റെ വളണ്ടിയർമാരാണ്.