June 14, 2021

കനത്ത മഴ, മുംബൈയിൽ ഇരുനില കെട്ടിടം തകർന്നുവീണു; 9 മരണം; നിരവധി പേർക്ക് പരിക്ക്; പലരും കുടുങ്ങിക്കിടക്കുന്നതായി സൂചന

bombayflataccident

മുംബൈ:  മുംബൈയുടെ ഭാഗമായ മലാഡിൽ ഇരുനില കെട്ടിടം തകർന്ന് 11 പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പലരും കുടുങ്ങിയിട്ടുണ്ടെന്നാണ് നിഗമനം. പോലീസും അഗ്നിശമന സേനാ വിഭാഗവും തിരച്ചിൽ തുടരുകയാണ്.

അടുത്തടുത്ത് കെട്ടിടങ്ങളുള്ള മേഖലയിലാണ് ഇരുനിലകെട്ടിടം നിലംപൊത്തിയത്. അപകടം നടന്നയുടനെ സമീപത്തെ മൂന്ന് ബഹുനില കെട്ടിടങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുന്ന തിരക്കിലാണ് പോലീസ്. കനത്തമഴ തുടരുന്ന മുംബൈയിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാണ്.

റോഡുകൾ വെള്ളക്കെട്ടിലായതോടെ പഴയ കെട്ടിടങ്ങളുടെ തറ താഴേക്കിരിക്കുന്ന സംഭവങ്ങളും ആവർത്തിക്കുകയാണ്. കെട്ടിട അപകടങ്ങൾ മുംബൈ നഗരത്തിൽ വലിയ ആശങ്ക പരത്തുകയാണ്.  50 വർഷത്തിലേറെ പഴക്കമുള്ള പഴയകാല ബഹുനില കെട്ടിടങ്ങൾ മുംബൈയിൽ നിരവധിയാണ്. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി നിരന്തരം നോട്ടീസുകൾ നൽകിയാലും കെട്ടിടം ഒഴിയാതെ താമസക്കാർ തങ്ങുന്നതും അധികൃതർക്ക് തലവേദനയാണ്.