June 14, 2021

ഇറച്ചിക്കോഴി വിൽപനയുടെ മറവിൽ വ്യാജമദ്യ വിൽപന; 44കാരിയും സുഹൃത്തും അറസ്റ്റിലായി

mini prejesh

mini prejesh

ആലപ്പുഴ: മാന്നാർ ചെന്നിത്തലയില്‍ ഇറച്ചിക്കോഴി വില്‍പ്പനയുടെ മറവില്‍ വ്യാജ മദ്യം വിറ്റ സംഭവത്തിൽ 44കാരിയും സുഹൃത്തും അറസ്റ്റിലായി. പന്തളം തെക്കേക്കര ഭാഗവതിക്കും പടിഞ്ഞാറു കമലാലയം വീട്ടില്‍ പ്രജേഷ് നാഥ് (39), തൃപ്പെരുംതുറ കിഴക്കേവഴി ചിറത്തല വീട്ടില്‍ മിനി(44) എന്നിവരാണ് അറസ്റ്റിലായത്. വ്യാജ ചാരായം വിൽപനയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ മിനിക്കെതിരെ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരു തവണ അറസ്റ്റിലാകുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി പൊലീസ് നടത്തിയ പരിശോധനക്കിടയിലായിരുന്നു മിനിയെയും സുഹൃത്തിനെയും പോലീസ് പിടികൂടിയത്. ഇറച്ചിക്കോഴി വില്പനയുടെ മറവിലാണ് ഇവർ വാറ്റ് ചാരായം വിറ്റത്. രാത്രി വൈകിയും ഇറച്ചിക്കോഴി വാങ്ങാനായി നിരവധി പേർ കടയിലെത്തിയതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. തുടർന്ന് വിവരം പൊലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മിനി ഓടി രക്ഷപെട്ടു. പൊലീസ് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല.

എന്നാൽ കഴിഞ്ഞ ദിവസം പൊലീസിനെ കണ്ട മിനി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. പിന്നാലെ ഓടിവന്ന പൊലീസിനെ വെട്ടിച്ചു കടക്കാൻ ഇത്തവണ മിനിക്ക് കഴിഞ്ഞില്ല. പിന്നീട് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം കോട്ടയം പൊൻകുന്നം ഇളങ്ങുളത്ത് എക്സൈസിന്‍റെ വമ്പൻ ചാരായ വേട്ട നടന്നിരുന്നു. ഇരുനില വീട് കേന്ദ്രീകരിച്ച് ഹൈടെക് വ്യാജമദ്യം നിർമ്മിക്കുന്നതിനിടെ എക്സൈസ് സംഘം അവിടെയെത്തിയത്. വീടിന്റെ രണ്ടാം നിലയിൽ വാറ്റികൊണ്ടിരുന്ന യുവാവ് എക്‌സൈസ് സംഘത്തിന്റെ വാഹനം കണ്ട് രണ്ടാംനിലയുടെ പിൻവാതിലിലൂടെ ചാടി സമീപത്തുള്ള റബ്ബർ തോട്ടത്തിലൂടെ ഓടി മറഞ്ഞതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.

ലോക്ക്ഡൗൺ സമയത്ത് മദ്യശാലകൾ അടഞ്ഞു കിടക്കുന്ന സാഹചര്യം മുതലെടുത്തു വ്യവസായിക അടിസ്ഥാനത്തിൽ നാളുകളായി വ്യാജചാരായ നിർമ്മാണം നടത്തി വന്നിരുന്നതായി വിവരം ലഭിച്ചെന്ന് എക്സൈസ് പറയുന്നു. കാഞ്ഞിരപ്പള്ളി ഇളങ്ങുളം കരയിൽ പൗർണമി വീട്ടിൽ രാമചന്ദ്രൻ നായരുടെ മകൻ അശോക് കുമാറിന്‍റെ വീട്ടിൽ നിന്നുമാണ് വ്യാജമദ്യ നിർമ്മാണത്തിന്റെ വൻ ശേഖരം കണ്ടെത്തിയത്.

സെക്കന്റ്‌ ഹാൻഡ് വാഹന കച്ചവടത്തിന്റെ മറവിൽ ആവശ്യക്കാർക്ക് 2000 മുതൽ 2500 രൂപയ്ക്കു വരെയാണ് പ്രതി ചാരായം വിറ്റിരുന്നത്. പ്രതിയുടെ വീട്ടിൽ നിന്നും 20 ലിറ്റർ വാറ്റ് ചാരായവും 385 ലിറ്റർ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തി വെച്ചിരുന്ന വാഷും ഗ്യാസ് സിലിണ്ടറും സ്റ്റൗഉം മറ്റു വ്യാജ മദ്യ നിർമ്മാണ സാമഗ്രികളും ചാരായം വിറ്റ വകയിൽ സൂക്ഷിച്ചിരുന്ന 23000 രൂപയും കണ്ടെടുത്തു. എക്സൈസ് അശോക് കുമാറിനെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് ദിവസമായി പ്രതി എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.

മറ്റൊരു സംഭവത്തിൽ ലോക്ക് ഡൗണിന്റെ മറവിൽ പാലായിൽ വീടിനുള്ളിൽ ചാരായം വാറ്റിയ പ്രതി എക്സൈസ് പിടിയിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ എക്സൈസ് നടത്തിയ റെയ്ഡിൽ മൂന്ന് ലിറ്റർ ചാരായവും 200 ലിറ്റർ വാഷുംവാറ്റുപകരണങ്ങളും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് പാലാ കിഴപറയാർ അഞ്ചാനിക്കൽ സിനോ ജോസഫ് (37) നെതിരെ കേസെടുത്തു. വീടിന്റെ കുളിമുറിയിൽ സൂക്ഷിച്ചിരുന്ന 200 ലിറ്ററിന്റെ ബാരലിൽ നിറയെ വാഷും സംഘം കണ്ടെത്തി.