പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി: നന്ദി പറഞ്ഞ് നാദിർഷ

പറഞ്ഞ വാക്ക് പാലിച്ച സൂപ്പർസ്റ്റാർ സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് നാദിർഷ അടക്കമുള്ള മിമിക്രി ആർട്ടിസ്റ്റുകൾ. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടനയുടെ ഉന്നമനത്തിനായി താൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ സംഭവനയായി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. ഇപ്പോൾ ആ വാക്ക് നിറവേറ്റിയിരിക്കുകയാണ് താരം. സംവിധായകൻ നാദിർഷയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

നാദിർഷയുടെ വാക്കുകൾ:

ഓർമയുണ്ടാവും, ഈ മുഖം. നർമം തൊഴിലാക്കിയ ഇരുന്നൂറോളം കുടുംബങ്ങൾക്ക്.. ‘ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും.’–സുരേഷ് ഗോപി.

ടെലിവിഷൻ ഷോകൾ സംഘടിപ്പിക്കുകയും അതിൽ നിന്നും സമാഹരിക്കുന്ന പണം ,മിമിക്രി കലാകാരന്മാരുടെ വിധവകൾക്കും,കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ആശുപത്രി ചിലവുകൾക്കും എല്ലാം ഉപയോഗിക്കുകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് ‘MAA'( Mimicry Artist association) ഈ കഴിഞ്ഞ ഓണക്കാലത്ത് ടിവി ഷോയിൽ  പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ എത്തി; സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും ഹാസ്യം പറഞ്ഞും ,അനുകരിച്ചും സമയം ചെലവിട്ട സുരേഷേട്ടൻ പ്രഖ്യാപിച്ച വാക്കുകളാണ് ആദ്യം പറഞ്ഞത്.

പുതിയ ചിത്രത്തിന്റെ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ അതിൽ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നൽകുകയുണ്ടായി. ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലുള്ള നന്ദി. അച്ചാമ്മ വർഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രൻ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ് , ” ഓർമയുണ്ടോ ഈ മുഖം ” ‘മാ’ എന്ന  സംഘടന പറയട്ടെ..എന്നും ഓർമയുണ്ടാകും ഈ മുഖം