രാജ്യത്തെ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന: 27,553 പേര്‍ക്ക് രോഗം; ഒമിക്രോണ്‍ കേസുകള്‍ 1525 ആയി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ  27,553 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 284 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1525 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 460 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ബാധിച്ചത്. ഡല്‍ഹിയില്‍ 351 ഒമിക്രോണ്‍ രോഗബാധിതരുണ്ട്. നിലവില്‍ സജീവ കേസുകള്‍ 1,22,801 ആണ്. 98.27 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 9249 പേര്‍ രോഗമുക്തി നേടി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,75,225 വാക്സിന്‍ ഡോസുകളാണ് രാജ്യത്താകമാനം നല്‍കിയത്. ഞായറാഴ്ച രാവിലെ ഏഴ് മണിവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ ഇന്ത്യയില്‍ ആകെ നല്‍കിയ വാക്സിനേഷന്‍ ഡോസുകളുടെ എണ്ണം 145.44 കോടി (1,45,44,13,005) കവിഞ്ഞു. രാജ്യത്തുടനീളം കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 1.35 ശതമാനവുമാണ്. രാജ്യത്ത് ഇതുവരെ നടത്തിയത് 68 കോടി കോവിഡ് ടെസ്റ്റുകളാണ്.