സമ്ബൂര്‍ണ ലോക്ഡൗണ്‍ ഇപ്പോഴില്ല; എല്ലാവരും സഹകരിച്ചാല്‍ അടച്ചിടല്‍ ഒഴിവാക്കാമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതിനിടെ കേരളത്തില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ ഇപ്പോഴില്ലെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി. ഇതുസബന്ധിച്ച്‌ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒമിക്രാണ്‍ അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമാണ്. ഒരാള്‍ക്ക് രോഗം വന്നാല്‍ സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും രോഗം വരാന്‍ സാധ്യത കൂടുതലാണ്. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് പുറമേയ്ക്ക് ലക്ഷണങ്ങള്‍ ഒന്നും കാണിച്ചില്ലെങ്കിലും രോഗം പിടിപെടാം. ഇവരില്‍ നിന്ന് പ്രായമായവര്‍ക്കും മറ്റു ഗുരുതര രോഗമുള്ളവര്‍ക്കും രോഗം പകരാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.

ഇന്നലെ 8.2 ആയിരുന്നു ടി.പി.ആര്‍. രണ്ടു ജില്ലകളിലാണ് രോഗികളുടെ എണ്ണം ആയിരം കടന്നത്.
ഒമിക്രോണ്‍ ഭീതിക്കിടെ വീണ്ടും കൊവിഡ് രോഗവും കുതിക്കുമ്ബോള്‍ കേരളം പഴയ അവസ്ഥയിലേക്കുതന്നെ എത്തുമെന്ന ആശങ്കയുണ്ട്.

ടിപിആര്‍ വീണ്ടും പത്തിലെത്തിയാല്‍ ഇത് ഒമിക്രോണ്‍ തരംഗമെന്ന് കണക്കാക്കണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഒമിക്രോണ്‍ വഴി മൂന്നാം തരംഗമുണ്ടായാല്‍ പ്രാഥമിക രണ്ടാംനിര ചികിത്സാ കേന്ദ്രങ്ങള്‍ വീണ്ടും തുറക്കേണ്ടി വരുമെന്ന് കണക്കാക്കിയാണ് ജില്ലകള്‍ക്കുള്ള സര്‍ക്കാര്‍ നിര്‍ദേശം. വിദേശത്തു നിന്നെത്തുന്ന എല്ലാവര്‍ക്കും ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കി കഴിഞ്ഞു. എട്ടാം ദിവസം പരിശോധന നടത്തി വീണ്ടും ഒരാഴ്ച സ്വയം നിരീക്ഷണത്തില്‍ കഴിയണം. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ എയര്‍പോര്‍ട്ടിലെ റാന്‍ഡം പരിശോധന രണ്ട് ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഒമിക്രോണ്‍ സാഹചര്യം നേരിടാന്‍ സജ്ജമാകണമെന്ന്, ജില്ലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഇന്നലെ 24 മണിക്കൂറിനിടെ 64,577 സാമ്ബിളുകള്‍ മാത്രമാണ് പരിശോധിച്ചത്. എന്നിട്ടും 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എറണാകുളം ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരം കടന്നു. അതേ സമയം കൊവിഡ് മരണം അരലക്ഷത്തിലേക്കടുക്കുകയാണ്. കൊവിഡ് രോഗം കേരളത്തില്‍ നിന്നു മാത്രം കൂട്ടിക്കൊണ്ടുപോയവരുടെ എണ്ണമാണ് അന്‍പതിനായിരത്തോടടുക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ആകെ മരണം 49,305 ആയി.
വിദേശരാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ കണക്ക് ഇതിനു പുറത്താണ്. സുപ്രിം കോടതിയുടെ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള മരണസംഖ്യ ഇനിയും വരാനുമുണ്ട്. അതെല്ലാം ചേര്‍ത്താല്‍ 750000വും കടന്നേക്കും.