കോവിഡില്‍ അടച്ചിട്ട് അതിര്‍ത്തി ജില്ല; തെരുവുകള്‍ നിശ്ചലം

കുമളി: കോവിഡിനെതിരായ പോരാട്ടത്തില്‍ വീണ്ടും ലോക്ഡൗണിലേക്ക് തമിഴ്നാട് നീങ്ങിയതോടെ അതിര്‍ത്തി ജില്ലയും നിശ്ചലമായി. സംസ്ഥാന അതിര്‍ത്തിയിലെ തേനി ജില്ലയിലെ പട്ടണങ്ങളും തെരുവുകളുമെല്ലാം ഞായറാഴ്ച നിശ്ചലമായിരുന്നു. വാഹനങ്ങള്‍ ഓടിയില്ല. കടകളും തുറന്നില്ല. ഞായറാഴ്ചകള്‍ ലോക്ഡൗണിലായതോടെ ശനിയാഴ്ച പതിവിലും അധികം തിരക്കാണ് മിക്ക ടൗണിലും ഉണ്ടായിരുന്നത്. കോവിഡ് ബാധിക്കുന്നവരുടെ നിരക്ക് വര്‍ധിച്ചതോടെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവന്നത്. രാത്രി 10 മുതല്‍ പുലര്‍ച്ച ആറുവരെയും ഞായറാഴ്ചകളിലുമാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.