പീഡിപ്പിച്ചത് 9 പേര്‍, 5 പേർ ഭാര്യമാരുമായി വന്നവർ; നാലുപേര്‍ ‘സ്റ്റഡു’കൾ

കോട്ടയം: സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറിയെന്ന കേസില്‍ കോട്ടയം സ്വദേശിനിയെ പീഡിപ്പിച്ചത് 9 പേരെന്ന് കണ്ടെത്തല്‍. ഇവരില്‍ ആറുപേരാണ് പിടിയിലായത്. പിടിയിലാകാനുള്ള മൂന്നുപേരില്‍ കൊല്ലം സ്വദേശി വിദേശത്തേക്ക് കടന്നതായാണ് സൂചന. കോട്ടയം സ്വദേശിനിയുടെ പരാതിയിലെ പ്രതികളില്‍ അഞ്ചുപേരും ഭാര്യമാരുമായി വന്നവരാണെന്നും പൊലീസ് കണ്ടെത്തി. നാലുപേര്‍ തനിച്ചെത്തിയവരാണ്. ഇവരെ ‘സ്റ്റഡ്’ എന്നാണ് അറിയപ്പെടുന്നത്. സംഘത്തിന് ഇവര്‍ 14,000 രൂപ നല്‍കണം.

സംഭവത്തിൽ ഏഴു സമൂഹമാധ്യമ ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണ്. ഏഴു ഗ്രൂപ്പുകളിലായി അയ്യായിരത്തിനു മുകളിൽ അംഗങ്ങളുണ്ട്. ഇവരിൽ വിവാഹം കഴിഞ്ഞ് ഒരുവർഷം പോലുമാകാത്തവരും 20 വർഷം പിന്നിട്ടവരും ഉൾപ്പെടുന്നു. ആദ്യം ചിത്രങ്ങളും പ്രാഥമിക വിവരങ്ങളും പങ്കുവയ്ക്കും. പിന്നീട് വിഡിയോകോൾ നടത്തും. അതിനു ശേഷമാണ് കൂടിച്ചേരൽ. കൂടിച്ചേരലുകൾ ഏറെയും വീടുകളിലാണ് നടത്തുന്നത്.

കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോംസ്റ്റേകളും ഇത്തരം സംഘങ്ങളുടെ താവളങ്ങളെന്നാണ് കണ്ടെത്തല്‍. പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ദമ്പതികളും പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സെക്സ് റാക്കറ്റിന്റെ ഭാഗമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

അവധിയിൽ നാട്ടിലെത്തുന്ന പലരും ടൂറിസം കേന്ദ്രങ്ങളിലെ താമസയിടങ്ങളാണ് കപ്പിൾ മീറ്റിനായി തിരഞ്ഞെടുക്കുന്നത്. പല റിസോർട്ടുകളും ഇത്തരം സംഘങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം സ്വദേശിനിയുടെ പരാതിയിൽ അറസ്റ്റിലായ പ്രതികളുടെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.