കോവിഡ് കുതിക്കുന്നു: മഹാരാഷ്ട്രയിൽ 33,470 കേസ്; തമിഴ്നാട്ടിലും ഡൽഹിയിലും നിയന്ത്രണം

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് പ്രതിദിന കേസുകൾ രണ്ടു ലക്ഷത്തിലേക്ക്. പോസിറ്റീവ് നിരക്ക് 13.29 ശതമാനമായി ഉയർന്നു. കേസുകൾ കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ചർച്ച നടത്തി.

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ 12.5 ശതമാനം വർധനയാണ് തിങ്കളാഴ്ചയുണ്ടായത്. 24 മണിക്കൂറിനിടെ 1,79,723 പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന മരണനിരക്കിൽ കുറവുണ്ടാകുന്നത് നേരിയ ആശ്വാസമാണ്. 24 മണിക്കൂറിനിടെ 146 പേരാണു മരിച്ചത്.

ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിൽനിന്ന് ഏഴു ലക്ഷത്തിലേക്കെത്താൻ വേണ്ടി വന്നത് ഒരാഴ്ച മാത്രം. ചികിത്സയിലുള്ളവരുടെ എണ്ണം ഉയരുന്നത് സംസ്ഥാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.

നിലവിൽ അഞ്ച് മുതൽ പത്തു ശതമാനം പേർക്ക് മാത്രമാണ് ആശുപത്രി ചികിത്സ ആവശ്യം. ഈ സ്ഥിതി വൈകാതെ മാറിയേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. രാജ്യത്താകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 4,033 ആയി.