എസ്.എഫ്.ഐ പ്രവര്‍ത്തകന്‍റെ കൊലപാതകം; പ്രതിരോധത്തിലായി കോണ്‍ഗ്രസ്

ഇടുക്കി എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിരോധത്തിലായി കോൺഗ്രസ്. രാഷ്ട്രീയകൊലപാതകങ്ങളിൽ സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള പോരാട്ടം ഇടുക്കി കൊലപാതകത്തിൽ പ്രതിക്കൂട്ടിലായതോടെ കോൺഗ്രസിന് നഷ്ടമായി. കെറെയിലിനെതിരായ സമരങ്ങളെ ഇടുക്കി കൊലപാതകം തിരിച്ചടിക്കുമോയെന്ന ആശങ്കയും പ്രതിപക്ഷത്തിനുണ്ട്.

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിലടക്കം സി.പി.എമ്മിനെയും സംസ്ഥാന സർക്കാരിനെയും പൊലീസിനെയും പ്രതിക്കൂട്ടിൽ നിർത്തിയായിരുന്നു കോൺഗ്രസിന്റെ വിചാരണ. ഇടുക്കിയിലെ ധീരജിന്റെ കൊലപാതകത്തിൽ പാർട്ടി പ്രതിക്കൂട്ടിലായതോടെ സംസ്ഥാന കോൺഗ്രസ് നേതൃത്വം കുഴഞ്ഞിരിക്കുകയാണ്. പാർട്ടിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി കണ്ടെത്താൻ ശ്രമിക്കുകയാണ് നേതാക്കൾ. അക്രമരാഷ്ട്രീയത്തിന്റെ ഒരു അറ്റത്തും കോൺഗ്രസ് ഇല്ലെന്ന് അടുത്തകാലത്ത് ഒന്നും വാദിക്കാൻ കഴിയില്ലെന്ന് സൂചിപ്പിച്ച നേതൃനിരയിലെ പ്രധാനപ്പെട്ട ഒരു നേതാവ്, കെ റെയിലിനെതിരായ സമരത്തിന്റെ മൂർച്ച കുറയുമോയെന്ന ആശങ്കയും പങ്കുവച്ചു.

ധീരജിന്റെ കൊലപാതകത്തിൽ കെ.സുധാകരനെയും സെമി കേഡർ മാറ്റത്തെയും എതിരാളികൾ ഉന്നമിടുന്നതിലും പാർട്ടി പ്രതിരോധത്തിലാണ്. സർവകലാശാല, കോളജ് യൂണിയൻ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ക്യാംപസുകൾ കലുഷിതമാകുന്നതിലും കോൺഗ്രസിന് ആശങ്കയുണ്ട്. കൊല്ലപ്പെട്ടത് കോളജ് വിദ്യാർഥിയായതുകൊണ്ട് തന്നെ രാഷ്ട്രീയമില്ലാത്ത സാധാരണക്കാരിൽ നിന്നുയരുന്ന എതിർവികാരവും പാർട്ടി ഭയക്കുന്നുണ്ട്. ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ സി.പി.എം സംസ്ഥാനവ്യാപകമായി അക്രമം അഴിച്ചുവിട്ടതിനെ ഉയർത്തിക്കാണിക്കുമ്പോഴും കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാനാകാത്ത അവസ്ഥയിലാണ് നേതൃത്വം.