വിവരങ്ങൾ അനുസരിച്ച്; നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ദൃശ്യങ്ങൾ നൽകിയ വിഐപിയെ തിരിച്ചറിഞ്ഞു

ക്രൈം ബ്രാഞ്ച് സംഘം കാണിച്ച മൂന്ന് ഫോട്ടോകളിൽ നിന്നാണ് ബാലചന്ദ്ര കുമാർ വി ഐ പിയെ തിരിച്ചറിഞ്ഞത്. ഇക്കാര്യം സ്ഥിരീകരിക്കാൻ ശബ്ദ സാമ്പിൾ പരിശോധന നടത്തും.

ഇതിനിടെ നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന കേസിലും ദിലീപിനെ ഉടൻ ചോദ്യം ചെയ്യും. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് . കേസിൽ പൾസർ സുനിയുടെ അമ്മയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. ഇരുപതാം തിയതി ആണ് തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടത്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റി. സംവിധായകൻ ബാലചന്ദ്രകുമാറിൻറെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി.