നടിയെ ആക്രമിച്ച കേസിലെ നിര്‍ണായകവിവരങ്ങള്‍ മൊബൈല്‍ ഫോണില്‍നിന്നു നീക്കംചെയ്‌തെന്ന പ്രോസിക്യൂഷന്റെ ആരോപണത്തിനു ദിലീപ്‌ കോടതിയില്‍ മറുപടി നല്‍കും.

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ നിര്‍ണായകവിവരങ്ങള്‍ മൊബൈല്‍ ഫോണില്‍നിന്നു നീക്കംചെയ്‌തെന്ന പ്രോസിക്യൂഷന്റെ ആരോപണത്തിനു ദിലീപ്‌ കോടതിയില്‍ മറുപടി നല്‍കും. സ്വകാര്യത സംരക്ഷിക്കാന്‍ തനിക്ക്‌ അവകാശമുണ്ടെന്നും ഫോണുകളില്‍ അത്തരം വിവരങ്ങളുണ്ടോയെന്നറിയാനാണു പരിശോധിച്ചതെന്നുമാകും മറുപടി.

പോലീസും കോടതിയും ആവശ്യപ്പെടുന്നതിനു മുമ്പാണു ഫോണുകള്‍ മുംബൈയിലെ സ്വകാര്യ ലാബിലേക്കയച്ചത്‌. നടിയെ ആക്രമിച്ച കേസില്‍ തന്റെ ഫോണില്‍ പോലീസ്‌ കൃത്രിമം നടത്തിയെന്നു ബോധ്യമുണ്ട്‌. അതു കണ്ടുപിടിക്കാനാണു ഫോണ്‍ പരിശോധിപ്പിച്ചത്‌. ഫോണിലെ എല്ലാ വിവരവും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്‌. ഒന്നും നശിപ്പിക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്‌തിട്ടില്ല. കുടുംബസംബന്ധമായ സ്വകാര്യവിവരങ്ങള്‍ ഫോണിലുണ്ടോയെന്നറിയാനും പരിശോധന ആവശ്യമായിരുന്നു.

അഞ്ചുവര്‍ഷമായി ഉപയോഗിക്കുന്ന ഫോണില്‍ അത്തരം കാര്യങ്ങള്‍ ഉണ്ടാകാനിടയുണ്ട്‌. ഫോണിലെ വിവരങ്ങള്‍ താന്‍ നശിപ്പിച്ചിട്ടുണ്ടെങ്കില്‍ കണ്ടെടുക്കാന്‍ പോലീസിനു സാധിക്കുമെന്നറിയാം. ഫോണിലെ ഒരു വിവരവും നശിപ്പിച്ചിട്ടില്ലെന്നാകും ദിലീപിന്റെ മറുപടി. ഫോണുകള്‍ സ്വകാര്യപരിശോധനയ്‌ക്ക്‌ അയച്ചതിലൂടെ വിവരങ്ങള്‍ നശിപ്പിച്ചതായി പോലീസ്‌ ആരോപിക്കാനിടയാകുമെന്നു മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കവേ ജസ്‌റ്റീസ്‌ പി. ഗോപിനാഥ്‌ ചൂണ്ടാക്കാട്ടിയിരുന്നു. എന്നാല്‍, പോലീസ്‌ കൃത്രിമരേഖ ചമച്ചെന്ന ആരോപണമാണു ദിലീപിന്റെ അഭിഭാഷകന്‍ ഉന്നയിച്ചത്‌. ഫോണുകളിലെ വിവരങ്ങള്‍ ഹാര്‍ഡ്‌ ഡിസ്‌കിലേക്കു മാറ്റിയെന്ന മൊഴിയുണ്ടെന്നു ക്രൈംബ്രാഞ്ച്‌ അറിയിച്ചിരുന്നു.

ഫോണുകളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ ദിലീപിന്റെ അഭിഭാഷകര്‍ മുംബൈയിലെത്തി പരിശോധിക്കുകയും ചെയ്‌തു. ലാബിലെ ഹാര്‍ഡ്‌ ഡിസ്‌ക്‌ പോലീസ്‌ പിടിച്ചെടുത്ത്‌ പരിശോധനയ്‌ക്കയച്ചിട്ടുണ്ട്‌.