കെ റെയില്‍ വിരുദ്ധ സമരത്തിനായി തീവ്രവാദ സംഘടനകളില്‍ നിന്ന് ആളെ ഇറക്കുന്നതായി ആരോപിച്ച് മന്ത്രി സജി ചെറിയാന്‍.

കെ റെയില്‍ വിരുദ്ധ സമരത്തിനായി തീവ്രവാദ സംഘടനകളില്‍ നിന്ന് ആളെ ഇറക്കുന്നതായി ആരോപിച്ച് മന്ത്രി സജി ചെറിയാന്‍. ബോധപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ചെങ്ങന്നൂരിലുള്‍പ്പെടെ കാണുന്നത്. കെ റെയില്‍ കല്ലിളക്കിയാല്‍ വിവരമറിയുമെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുകയാണ് ചെയ്യുന്നത്. ഒരു കിലോമീറ്റര്‍ അപ്പുറവും ഇപ്പറവും ബഫര്‍ സോണ്‍ ആണെന്നാണ് പറയുന്നത്.അങ്ങനെ ഒരു സംഭവമേ ഇല്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ റെയില്‍ സമരത്തിലൂടെ തിരിച്ചുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.

സമരത്തെ അടിച്ചമര്‍ത്തുന്നുവെന്ന ആരോപണവും മന്ത്രി നിഷേധിച്ചു. ഒരാളെ പോലും മര്‍ദ്ദിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത വികസനത്തില്‍ ഉള്‍പ്പെടെ എല്‍ ഡി എഫ് സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിച്ചു. കെ റെയില്‍ പദ്ധതിയുടെ കാര്യത്തിലും സര്‍ക്കാര്‍ വാക്ക് പാലിക്കുമെന്നും മന്ത്രി പറഞ്ഞു.