സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്

സില്‍വര്‍ ലൈന്‍ കല്ല് പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ജയിലില്‍ പോകാന്‍ യു ഡി എഫ് നേതാക്കള്‍ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ലെന്നും പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

കേരളത്തിന്റെ സമര ചരിത്രത്തിലെ ഐതിഹാസിക സംഭവമാകും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം. സമരത്തിനിറങ്ങുന്ന സാധാരണക്കാരെ ജയിലില്‍ അടയ്ക്കുമെന്ന സര്‍ക്കാരിന്റെ ഭീഷണി വിലപ്പോകില്ല. യുഡിഎഫ് നേതാക്കള്‍ നേരിട്ടിറങ്ങി കല്ലുകള്‍ പിഴുതെറിയും. കേസില്‍ പ്രതികളായി യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ജയിലില്‍ പോകും. പാവപ്പെട്ടവരെ ജയിലില്‍ അടയ്ക്കുമെന്ന് മുഖ്യമന്ത്രിയോ പാര്‍ട്ടിയോ തീരുമാനിച്ചാല്‍, അത് നടക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

ഓരോ ദിവസവും കുത്തിരിപ്പുണ്ടാക്കാനും മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത വരുത്താനും സമൂഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം നടത്താനും ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുകയും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നത് ഇവരാണ്. ഇക്കാര്യം പാര്‍ട്ടി അച്ചടക്ക സമിതി പരിശോധിക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.