December 4, 2020

ആലുവയിൽ വൻ മയക്കുമരുന്ന് വേട്ട

മാരകമായ എം.ഡി.എം.എ മയക്കുമരുന്നുമായി കായികതാരമായ സർക്കാർ ജീവനക്കാരനും ദമ്പതികളും ആലുവയിൽ എക്‌സൈസിന്റെ പിടിയിലായി. ആമ്പല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം മുണ്ടക്കയം കൊല്ലംപറമ്പിൽ പ്രണവ് പൈലി (23), ഭാര്യ കസ്തൂരിമണി (27), ഇടുക്കി നെടുങ്കണ്ടം ആശാരിക്കണ്ടം കൊച്ചുകരോട്ട് വീട്ടിൽ മാർവിൻ ജോസഫ് (23) എന്നിവരാണ് 20 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. തൃശൂർ പൂങ്കുന്നത്ത് സാമൂഹ്യ ക്ഷേമവകുപ്പ് ഓഫീസിൽ ക്ളാർക്കാണ് മാർവിൻ ജോസഫ്. പ്രതികൾ സഞ്ചരിച്ച ആഡംബരകാറും കസ്റ്റഡിയിലെടുത്തു. 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എ. അശോക്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആലുവ സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ തോട്ടക്കാട്ടുകരയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രണവാണ് മുഖ്യപ്രതി. ഭാര്യയും സുഹൃത്തും സഹായികളാണ്. മാർവിന്റെ സുഹൃത്തിന്റേതാണ് കാർ. പൊലീസ് – എക്സൈസുകാരിൽ നിന്ന് രക്ഷപെടാനാണ് പ്രണവ് ഭാര്യയെ കൂടെകൂട്ടുന്നത്. കഴിഞ്ഞ 26ന് നെടുമ്പാശേരി സ്വദേശി അഖിൽ എന്നയാളിൽ നിന്നും 38,000 രൂപയ്ക്ക് വാങ്ങിയതാണ് എം.ഡി.എം.എയെന്നാണ് പ്രതികൾ പറയുന്നത്. മറ്റൊരാൾക്ക് മണപ്പുറം ഭാഗത്തുവച്ച് മാറുകയായിരുന്നു ലക്ഷ്യം.

ബംഗളൂരുവിൽ നിന്നും ഇവർ മയക്കുമരുന്ന് വാങ്ങുന്നുണ്ട്. വിനോദസഞ്ചാരമേഖലകൾ തുറന്നതോടെ യുവാക്കളെ ലക്ഷ്യമിട്ട് നഗരങ്ങളിലും വിനോദസഞ്ചാര മേഖലകളിലും നടത്തുന്ന രഹസ്യനിശാപാർട്ടികളിലാണ് ഇവ എത്തുന്നത്. സിനിമാമേഖലയാണ് പ്രധാനവില്പനകേന്ദ്രം.

പ്രിവന്റീവ് ഓഫീസർ അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എം. അരുൺകുമാർ, പി.എസ്. ബസന്ത്കുമാർ, സജോ വർഗീസ്, അഖിൽ, ചന്തുലാൽ, പ്രദീപ്കുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.ജെ. ധന്യ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

മാർവിൻ ജോസഫിന് സഹപാഠിയോടുള്ള സൗഹൃദമാണ് വിനയായത്. നെടുങ്കണ്ടം വി.വി.എച്ച്.എസ് സ്കൂളിൽ പഠിക്കുമ്പോഴാണ് പ്രണവ് പൈലിയുമായി സൗഹൃദമുണ്ടാകുന്നത്.

2015ൽ ദേശീയഗെയിംസിൽ ജൂഡോയിൽ മാർവിൻ ജോസഫ് വെങ്കലമെഡൽ നേടിയിട്ടുണ്ട്. സ്പോർട്സ് ക്വാട്ടയിൽ മൂന്നുവർഷം മുമ്പാണ് സാമൂഹ്യക്ഷേമവകുപ്പിൽ ക്ളാർക്കായി ജോലികിട്ടിയത്. ഈ സമയത്ത് പ്രണവ് മൂന്നാറിലെ ആയുർവേദ ചികിത്സാകേന്ദ്രത്തിൽ നഴ്സായിരുന്നു. ഇവിടെവച്ചാണ് സഹപ്രവർത്തക കസ്തൂരിമണിയുമായി പ്രണയത്തിലായത്. തന്നേക്കാൾ പ്രായമുണ്ടായിട്ടും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ചശേഷം ആമ്പല്ലൂരിലുള്ളൊരു കൃഷിത്തോട്ടത്തിലെ ജീവനക്കാരനായി. അവിടെത്തന്നെയാണ് താമസിച്ചിരുന്നത്. മാർവിൻ തൃശൂരിൽ ജോലിചെയ്യുന്നത് സൗഹൃദം ഊഷ്മളമാകാൻ വഴിയൊരുക്കി. വേഗത്തിൽ പണംസമ്പാദിച്ച് ആഡംബരജീവിതം നയിക്കുകയായിരുന്നു മൂവരുടെയും ലക്ഷ്യം.