തികഞ്ഞ രാജ്യസ്‌നേഹി; തന്ത്രങ്ങളില്‍ അസാധാരണ ഉള്‍ക്കാഴ്ച; അനുശോചിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപടകടത്തില്‍ സംയുക്ത സൈനിക മേധാവ് ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനറല്‍ ബിപിന്‍ റാവത്തിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും മറ്റ് സായുധ സേനാംഗങ്ങളെയും നഷ്ടപ്പെട്ട തമിഴ്നാട്ടിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ അതിയായ വേദനയുണ്ട്. അവര്‍ വളരെ ഉത്സാഹത്തോടെ ഇന്ത്യയെ സേവിച്ചു. ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പം പങ്കുചേരുന്നു-പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
‘ബിപിന്‍ റാവത്ത് മികച്ച സൈനികനായിരുന്നു. തികഞ്ഞ രാജ്യസ്‌നേഹി. നമ്മുടെ സായുധ സേനയെയും സുരക്ഷാ സംവിധാനങ്ങളെയും നവീകരിക്കുന്നതില്‍ അദ്ദേഹം വളരെയധികം സംഭാവന നല്‍കി. തന്ത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകളും കാഴ്ചപ്പാടുകളും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വല്ലാതെ വേദനിപ്പിച്ചു. ഓം ശാന്തി.’-പ്രധാനമന്ത്രി പറഞ്ഞു.
ഊട്ടിക്കു സമീപം കുനൂരിലാണ് സംയുക്ത സൈനിക മേധാവിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ പതിമൂന്നുപേര്‍ മരിച്ചതായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അറിയിച്ചു. പരിക്കേറ്റ ക്യാപ്റ്റന്‍ വരുണ്‍ സിങ് ചികിത്സയിലാണെന്നും എയര്‍ഫോഴ്‌സ് വ്യക്തമാക്കി.
കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമസേന താവളത്തില്‍നിന്ന് ഊട്ടിയിലെ വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എംഐ 17V5 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടമുണ്ടായത്. കോയമ്ബത്തൂരില്‍നിന്ന് 11.47 ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഉച്ചയ്ക്കു ശേഷമാണ് തകര്‍ന്നുവീണത്. ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രമകലെയായിരുന്നു അപകടം.
തകര്‍ന്നു വീണയുടന്‍ ഹെലികോപ്റ്ററില്‍ തീപടര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.
ബ്രിഗേഡിയര്‍ എല്‍.എസ്.ലിഡര്‍, ലെഫ്റ്റനന്റ് കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായിക്മാരായ ഗുരുസേവക് സിങ്, ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ തുടങ്ങിയവരാണ് ബിപിന്‍ റാവത്തിനും ഭാര്യ മധുലികയ്ക്കും സ്റ്റാഫിനുമൊപ്പം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.
അപകടത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ചു. പ്രതിരോധ മന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.