‘കോടമഞ്ഞിനുള്ളിലൂടെ നാല് തീഗോളങ്ങൾ താഴേക്ക്; തീപിടിച്ച ആളുകളായിരുന്നു അത്’
കൂനൂർ : കനത്ത കോടമഞ്ഞിനുള്ളിലൂടെ നാലു തീഗോളങ്ങൾ താഴേക്കുവീഴുന്നതാണ് ആദ്യം കണ്ടതെന്ന് കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിന്റെ ദൃക്‌സാക്ഷിയായ നഞ്ചപ്പസത്രത്തിലെ കോളനി നിവാസി കൃഷ്ണസ്വാമി (68) പറഞ്ഞു. കൂലിപ്പണിക്കാരനായ കൃഷ്ണസ്വാമി വീടിനു മുന്നിലെ പൈപ്പിൽ നിന്നു വെള്ളമെടുക്കാൻ ഇറങ്ങിയപ്പോഴാണ് 150 മീറ്റർ അകലെ കോപ്റ്റർ തകർന്നുവീണത്.
അപകടം കൃഷ്ണസ്വാമിയുടെ വാക്കുകളിലൂടെ: ‘കനത്ത കോടമഞ്ഞായിരുന്നു. അതിനിടയിലൂടെ ഹെലികോപ്റ്റർ നിയന്ത്രണം വിട്ടപോലെയെത്തി ഒരു മരത്തിലിടിച്ചു തീപിടിക്കുന്നതാണ് ആദ്യം കണ്ടത്. തൊട്ടു പിന്നാലെ 4 തീഗോളങ്ങൾ താഴേയ്ക്കു പതിച്ചു. തീപിടിച്ച ആളുകളായിരുന്നു അത്. ഹെലികോപ്റ്റർ കറങ്ങിച്ചെന്ന് ഏകദേശം 50 മീറ്റർ അകലെ കാട്ടിലെ കൊക്കയിലെ മറ്റൊരു മരത്തിൽ ഇടിച്ചു കത്തിക്കൊണ്ടുതന്നെ താഴേക്കു തകർന്നുവീണു. സമീപമുള്ള നാലഞ്ചു വീടുകളിൽ നിന്നുള്ളവർ അടുത്തേക്ക് ഒാടിച്ചെന്നു. പക്ഷേ, അഗ്നിനാളങ്ങൾക്കും ചെറു പൊട്ടിത്തെറികൾക്കുമിടയിൽ കാര്യമായൊന്നും ചെയ്യാനായില്ല. താമസിയാതെ പൊലീസും അഗ്നിരക്ഷാസേനയുമെത്തി. കുറച്ചു കഴിഞ്ഞപ്പോൾ സൈനികരും വന്നു.
വീടിന് ഏതാണ്ട് 150 മീറ്റർ അകലെ വനഭൂമിയിലാണ് കോപ്റ്റർ കത്തിവീണത്. വലിയ മരങ്ങൾ മുറിഞ്ഞുവീണ നിലയിലായിരുന്നു. വലിയ ശബ്ദമുണ്ടായി. ആകെ പേടിച്ചുപോയി. ആദ്യം ഒന്നും മനസ്സിലായതുമില്ല. മറ്റുള്ളവർക്കൊപ്പം അടുത്തേക്കു പോകാൻ നോക്കിയെങ്കിലും തീ കാരണം പറ്റിയില്ല.
കോപ്റ്ററും യാത്രക്കാരുമെല്ലാം കത്തിക്കരിഞ്ഞിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ സംഭവസ്ഥലത്തിന്റെ നിയന്ത്രണം സൈനികർ ഏറ്റെടുത്തു. രക്ഷാപ്രവർത്തനത്തിനിടയിലും പൊട്ടിത്തെറിയുണ്ടായെങ്കിലും ആർക്കും പരുക്കില്ല. രക്ഷാപ്രവർത്തകർക്ക് ആവശ്യമായ തുണിയും വെള്ളവും പാത്രവുമൊക്കെയായി സത്രത്തിലെ നാട്ടുകാർ സജീവമായിരുന്നു.
പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഊട്ടി പൊലീസും പ്രാഥമിക കാര്യങ്ങളൊക്കെ ചെയ്തു. ശങ്കർ എന്നയാളുടെ വീടിനു മുകളിൽ തീ പിടിച്ച കോപ്റ്റർ ചിറകിന്റെ ഒരു കഷണം വീണെങ്കിലും കാര്യമായ നാശനഷ്ടമൊന്നുമുണ്ടായില്ല. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.’