ഐ എസ് എൽ എട്ടാം സീസണിലെ ഫൈനലിലേക്ക് യോഗ്യത നേടി കേരളാ ബ്ലാസ്റ്റേഴ്സ്.
പനാജി: ഐ എസ് എൽ എട്ടാം സീസണിലെ ഫൈനലിലേക്ക് യോഗ്യത നേടി കേരളാ ബ്ലാസ്റ്റേഴ്സ്. ഇന്ന് ജംഷഡ്പൂരുമായി 1-1 സമനിലയിൽ കളി അവസാനിച്ചെങ്കിലും അഗ്ഗ്രിഗേറ്റിന്റെ മുൻതൂക്കത്തിൽ 2-1 ന് കേരളാ ബ്ലാസ്റ്റേഴ്സ് ഇക്കുറി ഫൈനൽ സ്വന്തമാക്കി.ആദ്യ പാദ സെമിയിൽ ജാംഷെഡ്പൂരിനെതിരെ ഏകപക്ഷീയമായ ഒരു ഗോൾ വിജയം ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചു.
ആദ്യപാദത്തിൽ ലീഡ് നേടിയെങ്കിലും രണ്ടാം പാദത്തിൽ അത്ര എളുപ്പമായി കാണാൻ പറ്റില്ലെന്ന് ഉറപ്പായിരുന്നു. പക്ഷെ ഇവാൻ വുക്കോമാണിവിച്ചിന്റെ സംഘത്തിന് ഒന്നും അസാധ്യമല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. ഇന്നത്തെ മത്സരത്തിൽ ആദ്യം മുതൽ പന്ത് കൈവശം വെച്ചത് ബ്ലാസ്റ്റേഴ്സാണ്.
പതിനെട്ടാം മിനുട്ടിലാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ പിറന്നത്. മധ്യ നിരയിൽ നിന്നും പന്ത് സ്വീകരിച്ഛ് മുന്നേറിയ സൂപ്പർ താരം അഡ്രിയാൻ ലൂണ പാസ് കൊടുക്കുമെന്ന് കരുതിയപ്പോൾ ജംഷഡ്പൂർ പ്രതിരോധത്തിനെ ഡ്രിബിൾ ചെയ്ത തൊടുത്ത് വിട്ട ഷോട്ട് ഗോൾകീപ്പറിനെ കാഴ്ചക്കാരനാക്കി വലയിലേക്ക് കയറുകയായിരുന്നു.
ഗോൾ പിറന്നതിന് ശേഷം ജംഷദ്പൂർ താരങ്ങളും കോച്ചിങ് സ്റ്റാഫും സമ്മർദത്തിലേക്ക് ആവുകയായിരുന്നു. റഫറിയോട് കയർത്തതിന് ജംഷഡ്പൂർ പരിശീലകന് മഞ്ഞക്കാർഡും കൊടുത്തു.കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രതോരോധം ഇന്ന് ഇരുമ്പിനേക്കാൾ ഉറച്ചതായിരുന്നു.ജംഷെദ്പൂരിന്റെ മുന്നേറ്റനിര താരങ്ങൾക്ക് പന്തുമായി ബോക്സിലേക്ക് നീങ്ങാൻ സാധിച്ചിരുന്നില്ല.
രണ്ടാം പകുതിയിൽ പന്തടക്കം കൈവരിച്ച ജംഷഡ്പൂർ ഗോൾ മടക്കാൻ ശ്രമങ്ങൾ നടത്തിക്കൊണ്ടേയിരുന്നു. ശ്രമങ്ങൾക്കൊടുവിൽ 80ആം മിനുട്ടിലാണ് ഗോൾ നേടിയത്. കോർണർ കിക്കിൽ നിന്നും വന്ന പന്ത് താരങ്ങളുടെ കൂട്ടപ്പൊരിച്ചിലിൽ നിന്നും ജംഷഡ്പൂർ താരം പ്രോനോയ് ഹാൽഡറാണ് ഗോൾ നേടിയത്. പക്ഷെ ഹാൾഡറിന്റെ കയ്യിൽ പന്ത് ശേഷമാണ് ഗോൾ നേടിയത്. ഇത് കൂട്ടപ്പൊരിച്ചിലിന്റെ ഇടയിൽ നിന്നും റഫറീക്ക് കാണാൻ സാധിച്ചില്ല.
സമനില പിടിച്ചതിന് ശേഷം ബ്ലാസ്റ്റേഴ്സും ആക്രമണത്തിലേക്ക് തിരിഞ്ഞു പക്ഷെ ഗോളെന്ന് ഉറപ്പിച്ച അവസരങ്ങളും പാഴാകുകയായിരുന്നു. ഒടുവിൽ അഗ്രിഗേറ്റിൽ മുൻതൂക്കമുള്ള ബ്ലാസ്റ്റേഴ്സ് 70ആം മിനുട്ട് മുതൽ പന്തടക്കം കൈക്കലാക്കി പ്രതിരോധത്തിലേക്ക് തിരിഞ്ഞു. അഞ്ചു മിനുട്ട് അധിക സമയമാണ് റഫറി വിധിച്ചത്. ഇഞ്ചുറി ടൈമിന്റെ അവസാനം റഫറി വിസിൽ മുഴക്കിയതോടെ താരങ്ങളുടെ ആരവങ്ങൾ മുഴങ്ങി തുടങ്ങിയിരുന്നു.പരിശീലകൻ ഇവാൻ വുക്കോമനോവിച്ചിനെ താരങ്ങൾ അനുമോദിക്കുകയും ചെയ്തു.