തമിഴ്നാട് ലോബി പിടിമുറുക്കിയതോടെ ഇറച്ചിക്കോഴി വില താഴുന്നില്ല !!
13 മുതൽ ലൈവ് ചിക്കന് കിലോക്ക് 167 രൂപയായി തുടരുകയായിരുന്നു. ഇന്നലെ രണ്ടു രൂപ കുറഞ്ഞ് 165 ലെത്തി. കഴിഞ്ഞമാസങ്ങളിൽ 90-100 രൂപയിൽ വിൽപ്പന നടന്ന ഒരു കിലോ ലൈവ് ചിക്കൻ വിലയാണ് പെട്ടന്ന് കുതിച്ചുയർന്നത്.
വില സർവകാല റിക്കാഡിൽ എത്തിയതോടെ ചില്ലറ വിൽപ്പനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കോഴിക്കുഞ്ഞുങ്ങളുടെയും കോഴിത്തീറ്റയുടെയും വില വർധിച്ചതോടെ സംസ്ഥാനത്തെ ഫാമുകൾ ഇറച്ചിക്കോഴിയുടെ ഉത്പാദനം കുറച്ചതാണ് ഇപ്പോഴത്തെ വിലവർധനവിനു കാരണം.
സർക്കാർ, കെപ്കോ, കേരള പൗൾട്ടി വികസന കോർപറേഷൻ എന്നിവ വിപണിയിൽ ഇടപെടാത്തതിൽ ഫാം ഉടമകളുടെ പ്രതിഷേധം ഉയരുന്നുണ്ട്.
കേരളത്തിലെത്തുന്ന കോഴിയുടെ വിലനിശ്ചയിക്കുന്നത് തമിഴ്നാട്ടിലെ ഫാം ഉടമകളാണ്.തമിഴ്നാട്ടിൽ ഇറച്ചിക്കോഴിയുടെ ഉത്പാദനത്തിൽ കുറവുണ്ടായിട്ടില്ല.
മൊത്തവ്യാപാരികൾ വിലകൂട്ടുമ്പോൾ ചില്ലറ വില്പനക്കാരും അതിന് ആനുപാതികമായി കൂട്ടേണ്ടി വരും.കോവിഡ് മൂന്നാം തരംഗം സംബന്ധിച്ച ആശങ്കയും കനത്ത ചൂടിൽ കോഴികളുടെ പരിപാലന ചെലവ് വർധിക്കുന്നതും മുന്നിൽ കണ്ട് ഫാമുകാർ കുഞ്ഞുങ്ങളെ വാങ്ങാതിരുന്നതാണ് പ്രതിസന്ധിയായത്.
പ്രദേശിക ഫാമുകളിൽ ഒരുമാസത്തിലേറെയായി 30 ശതമാനം മാത്രമാണ് കോഴിയുള്ളത്. ഫെബ്രുവരി ഒന്നിന് 92 രൂപയായിരുന്നു വില. നാലിന് 97 രൂപയായി. 10 ന് ഇത് 100ലെത്തി. 15ന് 110 മുതൽ 120 രൂപയായി.
20 മുതലാണ് വിലയിൽ വലിയവർധന വന്നത്. 20ദിവസം കൊണ്ട് കിലോക്ക് 90 രൂപയാണ് കൂടിയത്. കഴിഞ്ഞ ഒരുവർഷത്തിനിടെ കോഴിത്തീറ്റക്ക് വില ഇരട്ടിയോളം വർധിച്ചു.
50 കിലോ ചാക്കിന് 1400രൂപയിൽ നിന്ന് 2400രൂപയായി. മൂന്നു മാസം മുമ്പ് ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞിന്റെ വില 12രൂപയായിരുന്നു. എന്നാലിപ്പോൾ 44 രൂപ വരെയായതായി വളർത്തുന്നവർ പറയുന്നു.
ചെലവിന് ആനുപാതികമായി വില ലഭിക്കാത്തതിനാൽ ഫാമുടമകൾ രംഗം വിടുകയാണ്. ആലപ്പുഴയിൽ മാത്രം ഇറച്ചിക്കോഴികളെ വളർത്തുന്ന 600ഫാമുകൾ ഉണ്ട്.
ഇപ്പോൾ പകുതി പോലും പ്രവർത്തിക്കുന്നില്ല. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും സ്ഥിതി ഇതുതന്നെ.സംസ്ഥാനത്തെ ഫാമുകളിൽ കൂടുതലും തമിഴ്നാട് കമ്പനികൾ വാടകയ്ക്ക് എടുത്ത് കോഴിവളർത്തൽ ആരംഭിച്ചു.
കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും കമ്പനിക്കാർ ഫാം ഉടമകൾക്ക് എത്തിച്ചു കൊടുക്കും. 40 ദിവസം പ്രായമാകുമ്പോൾ കിലോക്ക് അഞ്ചുരൂപ നിരക്കിൽ കമ്പനിക്കാർ ഫാം ഉടമകൾക്കു നൽകി കോഴി തിരികെ വാങ്ങും .
കോഴിക്കുഞ്ഞും തീറ്റയും കമ്പനിക്കാർ തന്നെ ഉത്പാദിപ്പിക്കുന്നതിനാൽ ഇവർക്ക് ഇറച്ചിക്കോഴി വളർത്തൽ ലാഭകരമാണ്. വിലകുത്തനെ കൂടിയത് സംസ്ഥാനത്തെ ആഭ്യന്തര ഇറച്ചിക്കോഴി വളർത്തൽ മേഖലയെ പ്രതിസന്ധിയിലാക്കും.